പന്ത്രണ്ടിനും പതിനേഴിനും ഇടയിൽ പ്രായമുള്ളവർക്ക് നവംബറോടെ വാക്സിൻ

India


ന്യൂഡൽഹി: കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷൻ ഒക്ടോബറിലോ നവംബറിലോ ആരംഭിക്കും. 12-നും 17-നുമിടയിൽ പ്രായമുള്ളവർക്കായിരിക്കും മുൻഗണന. ഇവരിൽ അനുബന്ധരോഗമുള്ളവർക്ക്് ആദ്യം വാക്സിൻ നൽകും. ഹൃദ്രോഗം, പ്രതിരോധശേഷിക്കുറവുമായി ബന്ധപ്പെട്ട രോഗങ്ങൾ, അമിതവണ്ണം തുടങ്ങിയവ അനുബന്ധരോഗങ്ങളിൽ ഉൾപ്പെടും.
മൂന്നുഡോസ് കുത്തിവെക്കേണ്ട ‘സൈക്കോവ്-ഡി’ വാക്സിനാണ് കുട്ടികൾക്ക് നൽകുക. കുട്ടികളിൽ പ്രതിരോധകുത്തിവെപ്പിന് ഇപ്പോൾ അനുമതി ലഭിച്ചിട്ടുള്ളത് സൈഡസ് കാഡിലയുടെ ഈ വാക്സിനുമാത്രമാണ്. 18 വയസ്സിൽത്താഴെയുള്ള 44 കോടി കുട്ടികൾ രാജ്യത്തുണ്ട്. ഇവരിൽ 12-നും 17-നുമിടയിലുള്ളവരുടെ എണ്ണം 12 കോടിയോളംവരും. അനുബന്ധ രോഗങ്ങളുള്ള കുട്ടികൾ ഏതാണ്ട് 30 ലക്ഷം ഉണ്ടാവുമെന്നാണ് കണക്ക്.

കോവാക്സിനിന്റെ നിർമാതാക്കളായ ഭാരത് ബയോടെക്കും കുട്ടികൾക്ക് സ്വീകരിക്കാവുന്ന വാക്സിൻപരീക്ഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടുവയസ്സിനുമുകളിലുള്ളവർക്ക് സ്വീകരിക്കാവുന്ന ഈ വാക്സിനിന്റെ പരീക്ഷണം അന്തിമഘട്ടത്തിലാണ്. കോവിഷീൽഡ് നിർമാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ടും കുട്ടികളുടെ വാക്സിൻ പരീക്ഷണം ഈയിടെ തുടങ്ങിയിട്ടുണ്ട്. സൈക്കോവ്-ഡിക്ക് തുടർച്ചയായി ഈ കമ്പനികളുടെ വാക്സിനും അടുത്തകൊല്ലം ആദ്യത്തോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.
അനുബന്ധരോഗമുള്ളവർക്ക് നൽകാനായി ആദ്യം 40 ലക്ഷം ഡോസ് സൈക്കോവ്-ഡി ആണ് നിർമാതാക്കൾ സർക്കാരിന് നൽകുക. ഡിസംബറോടെ അഞ്ചുകോടി ഡോസ് ലഭ്യമായേക്കും. അടുത്തകൊല്ലം കൂടുതൽ ഡോസ് വാക്സിൻ വിപണിയിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *