ഐപിഎൽ : രാജസ്ഥാന് ആവേശജയം

Sports

ദുബായ്‌:ഐപിഎലിൽ രാജസ്ഥാൻ റോയൽസിന് ത്രസിപ്പിക്കുന്ന ജയം. അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തിൽ രണ്ട് റണ്ണിനാണ് രാജസ്ഥാൻ പഞ്ചാബ് കിങ്സിനെ തോൽപ്പിച്ചത്.
അവസാന ഓവറിൽ എട്ട് വിക്കറ്റ് ശേഷിക്കെ നാല് റൺ മാത്രമായിരുന്നു പഞ്ചാബിന് വേണ്ടിയിരുന്നത്. കാർത്തിക് ത്യാഗിയെറിഞ്ഞ ഓവറിന്റെ ആദ്യ രണ്ട് പന്തിൽ ഒരു റണ്ണാണ് കിട്ടിയത്. അടുത്ത പന്തിൽ നിക്കോളാസ് പുരാൻ (32) പുറത്ത്. നാലാം പന്തിൽ പുതിയ ബാറ്റ്സ്മാൻ ദീപക് ഹൂഡയ്ക്ക് റണ്ണെടുക്കാനായില്ല. അഞ്ചാം പന്തിൽ ഹൂഡയും പുറത്ത്. അവസാന പന്തിൽ മൂന്ന് റണ്ണായി ലക്ഷ്യം.  ഫാബിയൻ അലെന് പന്തിൽ തൊടാനായില്ല. അനായാസ ജയം പ്രതീക്ഷിച്ച പഞ്ചാബിന് അമ്പരിപ്പിക്കുന്ന തോൽവി.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 185ന് പുറത്തായി. പഞ്ചാബ് നാലിന് 183ൽ അവസാനിച്ചു.
പഞ്ചാബിനായി ഓപ്പണർമാരായ മായങ്ക് അഗർവാളും (43 പന്തിൽ 67) ലോകേഷ് രാഹുലും (33 പന്തിൽ 49) തകർപ്പൻ തുടക്കമാണ് നൽകിയത്. ഇരുവരും പുറത്തായശേഷം നിക്കോളാസ് പുരാനും  എയ്ദൻ മാർക്രവും (20 പന്തിൽ 26) ചേർന്ന് പൊരുതി. എങ്കിലും അവസാന ഘട്ടത്തിൽ ഇവർക്ക് പിഴച്ചു.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് മികച്ച തുടക്കമാണ് ലഭിച്ചത്. എന്നാൽ അഞ്ച് വിക്കറ്റെടുത്ത പഞ്ചാബ് പേസർ അർഷ്‌ദീപ്‌ സിങ്‌ അവസാന ഓവറുകളിൽ രാജസ്ഥാനെ തളച്ചു. രജസ്ഥാൻ നിരയിൽ യശസ്വി ജയ്‌സ്വാളും (36 പന്തിൽ 49) മഹിപാൽ ലോംററുമാണ്‌ (17 പന്തിൽ 43) തിളങ്ങിയത്‌. ഓപ്പണർ എവിൻ ലൂയിസ്‌ 21 പന്തിൽ 36 റണ്ണടിച്ചു.
ടോസ്‌ നേടിയ പഞ്ചാബ്‌ ക്യാപ്‌റ്റൻ ലോകേഷ്‌ രാഹുൽ ഫീൽഡിങ്‌ തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരായ ജയ്‌സ്വാളും ലൂയിസും മികച്ച തുടക്കമാണ്‌ രാജസ്ഥാന്‌ നൽകിയത്‌. ഒന്നാംവിക്കറ്റിൽ 54 റൺ പിറന്നു. അർഷ്‌ദീപാണ്‌ ഈ കൂട്ടുകെട്ട്‌ പൊളിച്ചത്‌.
മൂന്നാമനായെത്തിയ രാജസ്ഥാൻ ക്യാപ്‌റ്റനും മലയാളിയുമായ സഞ്ജു സാംസണ്‌ (5 പന്തിൽ 4) പിടിച്ചുനിൽക്കാനായില്ല. ഇഷാൻ പൊറെലിന്റെ പന്തിൽ വിക്കറ്റ്‌ കീപ്പർ രാഹുലിന്‌ പിടിനൽകി സഞ്ജു മടങ്ങി. നന്നായി ബാറ്റ്‌ ചെയ്‌ത ലിവിങ്‌സ്‌റ്റോൺ 17 പന്തിൽ 25 റണ്ണെടുത്തു. പിന്നാലെയെത്തിയ മഹിപാൽ തകർത്തുകളിച്ചു. നാല്‌ സിക്‌സറും രണ്ട്‌ ബൗണ്ടറിയും ഇരുപത്തൊന്നുകാരൻ പായിച്ചു. ജയ്സ്വാളിനൊത്ത്‌ സ്‌കോർ അതിവേഗമുയർത്തി മഹിപാൽ. ജയ്‌സ്വാൾ രണ്ട്‌ സിക്‌സറും ആറ്‌ ബൗണ്ടറിയും നേടി. ഇരുവരും പുറത്തായതോടെ രാജസ്ഥാൻ വിരണ്ടു. നാലോവറിൽ 32 റൺ വഴങ്ങിയാണ്‌ അർഷ്‌ദീപ്‌ അഞ്ചു വിക്കറ്റ്‌ നേട്ടം സ്വന്തമാക്കിയത്‌.

Leave a Reply

Your email address will not be published. Required fields are marked *